ഈ പറമ്പിലെ കാക്ക
കാലെകിരണങ്ങൾ വീഴും നേരം
കൊത്തിപ്പെറുക്കാൻ
അടുക്കള വാതിലിൽ എത്തിടും
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.
കൂടെവിടെ കൂടെവിടെ
എന്ന് ചോദിക്കവേണ്ട
അത് ഈ പറമ്പിലെ കാക്ക .
മുഖത്തടിക്കും പോലെ ചൊല്ലും
പോ കാക്കെ പോ കാക്കെ
കറുത്ത കാക്കേ ,ആട്ടിയോടിക്കുമ്പോൾ
കുണ്ടിലും കുഴിയിലും കണ്ടത്തിലും
ആരും കാണാതാതെങ്ങോലക്കുള്ളിലും
ചിറകൊതുക്കിപോയി കരഞ്ഞിരുന്നു.
ഈ പറമ്പിലെ കാക്ക.
കിട്ടുന്ന ചോറ് കൊക്കിലാക്കി
ആ കൂട്ടിലെ കുഞ്ഞുങ്ങൾക്ക്
കൊണ്ടുകൊടുക്കുന്നുണ്ട്
ചില്ലിക്കൂടിരിക്കും മരക്കൊമ്പിലേക്കു
ആരു വന്നാലും പൂച്ചയോ
പരുന്തോ വിഷപ്പാമ്പുകൾ
ആയാൽപോലും റാഞ്ചിടും
ഒരുമയോടെ കൊത്തിപറന്നിടും
പരുഷമായി കരയുന്ന
ഈ പറമ്പിലെ കാക്ക.
സന്തോഷത്തിലും ആപത്തിലും
അടുക്കലെത്തി കാകദൃഷ്ടിയോടെ
കാര്യങ്ങൾ നോക്കികണ്ടു ,
കൂടില്ലാ കുയിലിൻ കുഞ്ഞിനെ
വളർത്തി വലുതാക്കി, എങ്കിലും
എച്ചിലുപെറുക്കിയായി
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.
ഒടുവിൽ , തെക്കേപറമ്പിൽ
തിലോദകം തിന്നാൻ
കൈകൊട്ടിവിളിക്കുമ്പോൾ
കാവിലെ പൂമരത്തിൽ
പാടുന്നഗാനശിരോമണികൾ
തിരിഞ്ഞു നോക്കാത്തപ്പോൾ
പറന്നുവന്നിടും .പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.
ആ കാക്കയില്ലാതെ
ഒരു പറമ്പുമില്ലാ...
No comments:
Post a Comment